നീരോല്‍പ്പലം-NEEROLPALAM

Neerolpalam

Blog

abdul salam - Wed Oct 13, 2010 @ 08:20PM
Comments: 3

ജനനം തെളിയിക്കപ്പെടാത്ത റിജേഷ്

പ്രവാസ ജീവിതത്തിന്നിടയിലുള്ള ഒരു ദീര്‍ഘ കാല 'പരോള്‍' സമയം, വെറുതെ ഇരിക്കുന്നതിന്റെ വിരസത ഇല്ലാതാക്കാന്‍ സുഹ് ര്‍ത്തിന്റെ ഒരു നെറ്റ് കഫെയില്‍ താല്‍കാലിക ജീവനക്കാരനായി തുടരുകയായിരുന്നു, 'മലപ്പുറം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കോഴിക്കോട് വിശ്വവിദ്യാലയ'ത്തിന്റെ ചാരത്തു തന്നെയായതു കൊണ്ട് 'വിദ്യയോട് ആര്‍ത്തി' യുള്ളവര്‍ ധാരാളം കയറിയിറങ്ങാറുണ്ടായിരുന്നു. ഒരു എക്സാം റജിസ്ട്രേഷന്‍ സീസണ്‍, ഓണ്‍ലൈന്‍ രജിസ്ടേഷന്‍ ധാരാളം നടക്കുന്നുണ്ടായിരുന്നു, കഫെകള്‍ക്ക് മോശമല്ലാത്ത കൊയ് ത്ത്! നമ്മുടെ വിശ്വവിദ്യാലയം ഐ.ടി രംഗത്ത് കൈവരിച്ച 'ഡെവലപ്പും' ആളുകള്‍ക്കുണ്ടായ കമ്പ്യൂട്ടര്‍ 'സാച്ചരതയും' ഓര്‍ത്ത് ഞാന്‍ തെല്ലൊന്ന് അഭിമാനം കൊണ്ടു. ഞാന്‍ ലഞ്ചിന്‌ പോകാന്‍ തയ്യാറെടുക്കുകയായിരുന്നു, ഇപ്പോള്‍ ഞങ്ങളുടെ കഫെ ഏറെക്കുറെ ജനശൂന്യം അപ്പോള്‍ അതാ വരുന്നു ഒരു പയ്യന്‍ കാഴ്ചയില്‍ ഒരു പത്തു വയസ്സ് തോന്നിക്കും പൊടിപുരണ്ട വസ്ത്രങ്ങള്‍, 'മാല്‍ന്യൂട്രീഷ്യന്‍' കാരണമാകാം ശോഷിച്ച ശരീരം, എണ്ണയിടാത്തതു കൊണ്ട് പാറിയ മുടി ഇതെല്ലാമാണ്‌ പയ്യന്റെ രൂപഭാവങ്ങള്‍. നേരെ ഞാനിരിക്കുന്ന കൗണ്ടറിന്റെ അടുത്ത് വന്ന് തെല്ലൊരു ചമ്മലോടെ അവന്‍ ചോദിച്ചു "എനിക്ക് കുറച്ച് പൈസ തരുമോ എന്തെങ്കിലും വാങ്ങി കഴിക്കാനാണ്‌" ഞാന്‍ അവനോട് പേരന്വേഷിച്ചു "റിജേഷ്" അവന്‍ പ്രതികരിച്ചു. ഞാന്‍ ചോദിച്ചു "വീട്ടില്‍ നിന്ന് കഴിച്ചാല്‍ പോരെ?",
"വീട്ടില്‍ ഒന്നും ഉണ്ടാക്കിയിട്ടില്ല ",
ഞാന്‍ വിട്ടില്ല, "ഉണ്ടാക്കാന്‍ ഒന്നും ഇല്ലാത്തത് കൊണ്ടാണോ ഉണ്ടാക്കാതിരുന്നത്?"
"അല്ല, ഉണ്ടാക്കാന്‍ ആളില്ലാത്തത് കൊണ്ടാണ്‌ "
എന്റെ വിസ്താരം തുടര്‍ന്നു, "വീട്ടില്‍ ആരൊക്കെയുണ്ട്?"
"അമ്മ, ജ്യേഷ്ടന്‍"
ജ്യേഷ്ടന്‍ എന്തു ചെയ്യുന്നു? അവന്‍ പത്താം ക്ലാസില്‍ പഠിക്കുകയാ
"വേറെ ആരും ഇല്ലേ?"
ഇല്ല എന്ന് തലയാട്ടി
ഇത്രമാത്രം പറഞ്ഞപ്പോള്‍ തന്നെ മനസ്സിലായി അഛന്‍ ഇല്ല എന്ന്, പിന്നെ അഛനെ പറ്റി ചോദിക്കാന്‍ നിന്നില്ല, ഞാന്‍ ചോദിച്ചു എങ്ങിനെയണ്‌ ഭക്ഷണത്തിനുള്ള കാശ് കിട്ടുന്നത്? അവന്‍ പറഞ്ഞു "അമ്മ കൈ നോക്കുന്ന കുറത്തിയാണ്‌" എന്റെ ചോദ്യം "ഭക്ഷണം അമ്മ ഉണ്ടാക്കിയില്ലെ?"
"അമ്മക്ക് സുഖമില്ല കുറച്ചു ദിവസമായി കിടപ്പിലാണ്‌"
"അപ്പോള്‍ ഇന്നലെയും കഴിച്ചില്ലേ?"
"കഴിച്ചു, ഇന്നലെ അടുത്തുള്ള ഒരു വീട്ടുകാര്‍ ചോറ് തന്നു അതു കൊണ്ട് ഇന്നലെ കഴിച്ചു"
"അവര്‍ ഇന്ന് തന്നില്ലെ?"
"ഇന്നലെ അവരുടെ വീട്ടീല്‍ ഒരു സല്‍ക്കാരം ഉണ്ടായിരുന്നു, അപ്പോള്‍ അവിടെ ചോറ് ബാക്കിയായതു കൊണ്ട് തന്നതാ"
ഞാന്‍ അവനെ വിടാന്‍ തയ്യാറായില്ല," എന്നാല്‍ നിനക്ക് സ്കൂളില്‍ നിന്ന് ഉച്ചക്കഞ്ഞി കിട്ടില്ലേ അതു കഴിച്ചാല്‍ പോരെ?"
"അതിന്ന് ഞാന്‍ സ്കൂളില്‍ പോകാറില്ല" നമ്മുടെ വിശ്വവിദ്യാലയത്തെ കുറിച്ചും നമ്മെക്കുറിച്ചുതന്നെയും ഞാന്‍ മനസ്സില്‍ കെട്ടിയുണ്ടാക്കിയ അഭിമാന ഗോപുരത്തെ നിലം പരിശാക്കിക്കൊണ്ടായിരുന്നു അവന്റെ പ്രതികരണം, ഒരു സര്‍വ്വ കലാശാലയുടെ മൂക്കിനു താഴെ വിദ്യാലയത്തിന്റെ പടികാണാന്‍ ഭാഗ്യം കിട്ടാത്ത ഒരു കുരുന്ന്!! അവന്‍ സ്കൂളില്‍ പോകാത്തതിന്റെ കാരണം തിരക്കി, "എന്നെ സ്കൂളില്‍ ചേര്‍ത്തിട്ടില്ല" എന്നായിരുന്നു അതിന്നുള്ള മറുപടി!
"എനിക്ക് ജനനസര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതോണ്ടാ എന്നെ സ്കൂളില്‍ ചേര്‍ക്കാതിരുന്നത്" റിജേഷ് തുടര്‍ന്നു
"അമ്മ പ്രസവിച്ച് കിടക്കുകയായിരുന്നു, പഞ്ചായത്തില്‍ പറയാന്‍ ആരും ഉണ്ടായിരുന്നില്ല പിന്നെ സ്കൂളില്‍ ചേര്‍ക്കാന്‍ നോക്കുമ്പഴാ ജനന സെര്‍ടിഫിക്കറ്റിന്റെ കാര്യത്തെ കുറിച്ച് ആലോചിക്കുന്നത് അപ്പോഴേക്കും കുറെ വൈകിയിരുന്നു, പിന്നെ അമ്മ കുറെ പ്രാവശ്യം പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം!(ആളുകളുടെ കൈനോക്കി 'ഫ്യൂച്ചറും' 'പാസ്റ്റും' പറയുന്ന അമ്മക്ക് പക്ഷെ 'കാണേണ്ടവരെ കാണേണ്ട പോലെ കാണണമെന്ന' 'പ്രസന്റ്' നെ പറ്റി അവബോധം ഉണ്ടായിക്കാണില്ല!)ഇങ്ങിനെയാണ്‌ റിജേഷ് ജനിച്ചതിന്ന് തെളിവ് ഇല്ലാതെ പോയതും സ്കൂളില്‍ ചേരാന്‍ കഴിയാതെ വന്നതും!!
നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥ ഏമാന്മാരുടെ പിടിപ്പുകേടിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്‌ റിജേഷുമാര്‍.

Comments: 3
abdul salam - Sun Jul 04, 2010 @ 07:38AM
Comments: 6

അതിരു വിടുന്ന കളി

കളിയുടെ പേരിലുള്ള അതിരു വിട്ട 'കോപ്രായങ്ങള്‍' എവിടെ വരെ എത്തും എന്ന് ആര്‍ക്കറിയാം?! എന്തെല്ലാം വാര്‍ത്തകളാണ്‌ ലോകത്തിന്റെ പല ഭാഗത്തു നിന്നും കേട്ടു കൊണ്ടിരിക്കുന്നത്, മന്‍ഷ്യന്‍ ഇത്രമാത്രം അധ:പ്പതിച്ചു പോയല്ലൊ ദൈവമെ!! എന്നു ആത്മഗതം ചെയ്യുകയല്ലാതെ എന്തു ചെയ്യാന്‍? വിദ്യാഭ്യാസപരമായും സാംസ്കാരികമായും പ്രബുദ്ധതയുണ്ട് എന്ന് മേനി നടിക്കുന്ന മലയാളിയുടെ കാര്യമാണ്‌ ഏറെ കഷ്ടം, ഏതൊ ഒരു ടീം മറുവിഭാഗത്തിനെതിരെ ഗോള്‍ അടിച്ചതിന്ന് തന്റെ വിലപ്പെട്ട ജീവന്‍ ഒരു തുണ്ടം കയറില്‍ അവസാനിപ്പിച്ച മലയാളിയുടെ മനോനില എത്രമാത്രം ദുര്‍ബലവും ദയനീയവുമാണ്‌?! ഇന്ത്യയുടെ പുറത്ത് നിന്ന് വരുന്ന വാര്‍ത്തകളും ഇതില്‍ നിന്നും ഭിന്നമല്ല, കളി കാണുന്നതിന്ന് തടത്തം നിന്ന തന്റെ പിഞ്ചോമനയെ വായില്‍ സ്ക്റൂ ഡ്രൈവര്‍ കുത്തിക്കയറ്റി കൊന്ന നരാധമന്‍, രണ്ടു മക്കളെ കൊന്ന വേറെ ഒരു ഇരുകാലി!! തന്റെ രാജ്യം കപ്പ് നേടിയാല്‍ ശരീരം മുഴുവന്‍ തന്റെ രാജ്യത്തിന്റെ പതാകയുടെ ചായമടിച്ച് നഗ്നയായി തെരുവിലൂടെ ഓടുമെന്ന് ഒരു സുന്ദരിയുടെ പ്രതിജ്ഞയും!!! ഇതെല്ലാം നല്‍കുന്ന സൂചന എന്താണ്‌? താമസിയാതെ ഈ ഭ്രാന്ത് നമ്മുടെ മലപ്പുറത്തേക്കും എത്തും എന്നാല്ലാതെ മറ്റെന്താണ്‌? ഈ വിഡ്ഡിത്തത്തിനെതിരെ ഒരു കൂട്ടായ്മ രൂപപ്പെടേണ്ടതിന്റെ ആവശ്യം അതിക്രമിച്ചിരിക്കുന്നു, അല്ലാതിരുന്നാല്‍ എന്റെയും നിങ്ങളുടെയും മക്കള്‍ അതി വിദൂരമല്ലാത്ത ഭാവിയില്‍ തന്നെ ഏതോരാജ്യക്കാരന്‍ അടിച്ച ഗോളിന്റെ പിറകെ തങ്ങളുടെ വിലപ്പെട്ട ജീവന്‍ ബലി നല്‍കേണ്ടി വരുന്ന ഏറ്റവും പരിതാപകരമായ ഒരു അവസ്ഥാ വിശേഷം സംജാതമായിക്കൂടായികയില്ല. വിലപ്പെട്ട സമയവും സമ്പത്തും ഒരു ഉപകാരവും നേടിത്തരാത്ത ഈ കോപ്രായത്തിന്ന് വേണ്ടി വ്യയം ചെയ്യുന്ന ആളുകള്‍ സൂക്ഷിക്കുക ഇതിനെ കുറിച്ചെല്ലാം കണക്കു പറയേണ്ടി വരുന്ന ഒരു ദിവസം വരാനിരിക്കുന്നു, അന്ന് വിരല്‍ കടിച്ചത് കൊണ്ട് കാര്യം ഉണ്ടാകില്ല., ചിന്തിക്കുക നിങ്ങള്‍ക്ക് സമയം നഷ്ടപ്പെട്ടിട്ടില്ല.............!!!!!!!!!!

Comments: 6
abdul salam - Thu Dec 03, 2009 @ 02:59AM
Comments: 3

 

Comments: 3
powered by Doodlekit™ Free Website Maker